Saturday, 12 July 2014

മെസ്സിക്ക് വേണ്ടി അര്‍ജന്റീന ലോക കിരീടം നേടണമെന്ന് നെയ്മര്‍

ലയണല്‍ മെസ്സിക്ക് വേണ്ടി അര്‍ജന്റീന ലോക കിരീടം നേടണമെന്ന് നെയ്മര്‍. ദൈവാനുഗ്രഹം ഒന്നു മാത്രമാണ് തന്റെ ജീവിതം വീല്‍ചെയറില്‍ അവസാനിക്കാത്തതെന്ന് വിതുമ്പി കൊണ്ട് നെയ്മര്‍ പറഞ്ഞു. സുനിഗ മുട്ടു കൊണ്ട് ഇടിച്ചത് യാദൃശ്ചികമെന്ന് കരുതാനാവില്ലെന്നും വികാരനിര്‍ഭര വാര്‍ത്താസമ്മേളനത്തില്‍ നെയ്മര്‍ അഭിപ്രായപ്പെട്ടു.
ബ്രസീലിന്റെ ടെറസോപൊലീസിലെ പരിശീലന കേന്ദ്രത്തിലേക്ക് സഹതാരങ്ങളെ കാണാന്‍ നെയ്മര്‍ മുടന്തി എത്തിയപ്പോള്‍ ക്യാംപ് വികാരനിര്‍ഭരമായി. പരിശീലനത്തിലായിരുന്ന താരങ്ങള്‍ നെയ്മറുടെ അടുക്കലെത്തി ആശ്ലേഷിച്ചു. ലോകകപ്പ് നേടാനുള്ള ശ്രമം വിജയം കണ്ടില്ലെങ്കിലും അഭിമാനാര്‍ഹമായ നേട്ടത്തോടെ ടൂര്‍ണമെന്റ് അവസാനിപ്പിക്കണം എന്ന് സഹതാരങ്ങളോട് ആവശ്യപ്പെട്ടു നെയ്മര്‍. പിന്നീട് സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളെയും ആരാധകരേയും കണ്ട ശേഷം നെയ്മര്‍ മാധ്യമപ്രവര്‍ത്തകരുടെ മുന്നിലെത്തി. ലയണല്‍ മെസ്സിക്കും അര്‍ജന്റീനക്കും വേണ്ടി ആര്‍ത്തു വിളിക്കാന്‍ ഞാനുണ്ടാവുമെന്ന ആമുഖത്തോടെയാണ് നെയ്മര്‍ വാര്‍ത്താ സമ്മേളനം തുടങ്ങിയത്.
ഫുട്‌ബോള്‍ ചരിത്രത്തില്‍ മെസ്സിക്ക് നിര്‍ണായക സ്ഥാനമുണ്ട്. മെസ്സിയുടെ നേട്ടങ്ങളുടെ പട്ടികയിലേക്ക് ലോകകപ്പു കൂടി ചേരണം. പരുക്കിനെ പറ്റി ചോദ്യങ്ങള്‍ ഉയര്‍ന്നതും നെയ്മറുടെ കണ്ണുകള്‍ നിറഞ്ഞു. കരിയറിലെ നിര്‍ണായക സമയത്ത് പരുക്കേറ്റപ്പോള്‍ ആകെ തളര്‍ന്നു. രണ്ട് സെന്റീമീറ്റര്‍ മാറിയാണ് ചവിട്ടേറ്റിരുന്നതെങ്കില്‍ എന്റെ ജീവിതം വീല്‍ചെയറില്‍ അവസാനിക്കുമായിരുന്നു, ഖണ്ഡമിടറി നെയ്മറുടെ വാക്കുകള്‍ മുറിഞ്ഞു.
സുനിഗയുടെ ഫൗള്‍ യാദൃശ്ചികമെന്ന് വിശ്വസിക്കാന്‍ ആവുന്നില്ലെന്ന് നെയ്മര്‍ പറഞ്ഞു. ഫുട്‌ബോള്‍ അറിയുന്ന ആര്‍ക്കും അത് മനസ്സിലാകും. പക്ഷെ അയോളോട് വിദ്വേഷത്തിന്റെ തരി പോലും മനസ്സിലില്ല. നെയ്മര്‍ വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചു.

No comments:

Post a Comment