Tuesday, 8 July 2014

മാർപപ്പക്കും ക്രിക്കറ്റ്‌ ടീം അതിലും മലയാളികൾ

വത്തിക്കാന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇപ്പോള്‍ മലയാളി സാന്നിധ്യമില്ലെങ്കിലും അങ്ങ് വത്തിക്കാനില്‍ മാര്‍ പാപ്പയുടെ ക്രിക്കറ്റ് ടീം മലയാളി മയമാണ്. വത്തിക്കാന്റെ ഔദ്യോഗിക ക്രിക്കറ്റ് ടീമായ സെന്റ് പീറ്റേഴ്സ് ഇലവനിലാണ് ഏഴു മലയാളി താരങ്ങള്‍ ഇടം പിടിച്ചത്. ടീമില്‍ ഏഴു മലയാളികളുള്‍പ്പെടെ എട്ട് ഇന്ത്യക്കാരുണ്ട്. എട്ടാമനാകട്ടെ തമിഴ്നാടിന്റെ ഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുന്ന തിരുവനന്തപുരം അതിരൂപതയില്‍ നിന്നാണ്. ബാറ്റ്സ്മാന്‍മാരായ ദീപക് ആന്റോ, പോള്‍സണ്‍, പ്രതീഷ് തോമസ്, ഫാസ്റ്റ് ബൗളര്‍മാരായ ദീപക് ജീസ്റ്റസ്, അജീഷ് ജോര്‍ജ്, ജോംസി മാത്യു, ബെനഡിക്ട് എന്നിവരാണ് ടീമിലെ മലയാളി സാന്നിധ്യങ്ങള്‍. തമിഴ്നാട്ടുകാരനായ ഷൈനിഷ് ബോസ്കോയും ഇവരോടൊപ്പം ഇന്ത്യന്‍ സാന്നിധ്യമായി ടീമിലുണ്ട്.

ഇവര്‍ക്കു പുറമെ രണ്ട് ശ്രീലങ്കക്കാരും പാക്കിസ്ഥാനില്‍ നിന്നും ഇംഗ്ലണ്ടില്‍ നിന്നും ഒരാള്‍വീതവുമുണ്ട്. ഇംഗ്ലണ്ടില്‍ നിന്നുള്ള ഫാ.ടോണി കറര്‍ ആണ് ടീമിന്റെ നായകന്‍. ടീമിലെ ഇന്ത്യക്കാരെല്ലാം വത്തിക്കാനിലെ വൈദിക വിദ്യാര്‍ഥികളാണ്. വത്തിക്കാനിലെ ഓസ്ട്രേലിയന്‍ അംബാസഡറായ ജോണ്‍ മക്കാര്‍ത്തിയാണ് വത്തിക്കാന്‍ ക്രിക്കറ്റ് ടീം എന്ന ആശയത്തിന് പിന്നിലെ ബുദ്ധികേന്ദ്രം. ബ്രദര്‍ ജോസഫ് കരിമ്പാനില്‍ ആണ് ടീമിന്റെ പരിശീലകന്‍.

ചില പ്രാദേശിക ടൂര്‍ണമെന്റുകളില്‍ ടീം കളിച്ചുവെങ്കിലും സെപ്റ്റംബറില്‍ ഇംഗ്ലണ്ടിലേക്ക് നടത്തുന്ന പര്യടനമായിരക്കും വത്തിക്കാന്‍ ടീമിന്റെ യഥാര്‍ത്ഥ പരീക്ഷണം. ഇംഗ്ലണ്ടില്‍ കാന്റര്‍ബറി ആര്‍ച്ച് ബിഷപ് ടീമുമായും റോയല്‍ ഹൗസ്ഹോള്‍ഡ് ഇലവനുമായും വത്തിക്കാന്‍ ടീം കളിക്കും. ഇന്ത്യന്‍ പര്യടനവും വത്തിക്കാന്‍ ടീമിന്റെ പരിഗണനയിലുണ്ട്. ഇന്ത്യയിലേക്ക് വരികയാണെങ്കില്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഒരു മത്സരമെങ്കിലും കളിക്കണമെന്നാണ് വത്തിക്കാന്‍ ടീമിന്റെ ആഗ്രഹം. 

No comments:

Post a Comment