തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയില്‍ വീണ്ടും അധികാര വടംവലി. പുറത്താക്കാനുള്ള ജനറല്‍ കൗണ്‍സില്‍ തീരുമാനത്തിനെതിരേ കാലാവധി അവസാനിച്ച ഡെപ്യൂട്ടി ഡയറക്ടര്‍ കോടതിയില്‍ നിന്ന് അനുകൂല വിധി നേടി. പ്രോഗ്രാംസ് ഡെപ്യൂട്ടി ഡയറക്ടര്‍ ജയന്തി നരേന്ദ്രനാഥാണ് ജനറല്‍ കൗണ്‍സില്‍ തീരുമാനത്തിനെതിരേ ഹൈക്കോടതിയെ സമീപിച്ചത്.
ഡെപ്യൂട്ടി ഡയറക്ടര്‍ പ്രോഗ്രാംസ് തസ്തികയില്‍ പ്രവര്‍ത്തിച്ചിരുന്ന ജയന്തിയുടെ കാലാവധി ഈ മാസം 10നാണ് അവസാനിച്ചത്. കഴിഞ്ഞ രണ്ടു ജനറല്‍ കൗണ്‍സില്‍ യോഗങ്ങളും ജയന്തിക്ക് കാലാവധി നീട്ടി നല്‍കേണ്ടെന്നു തീരുമാനിച്ചിരുന്നു. വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷണന്റെ അംഗീകാരവും ഈ തീരുമാനത്തിനുണ്ട്.
18ന് ചേരുന്ന ചലച്ചിത്ര അക്കാദമി എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗമാണ് ജനറല്‍ കൗണ്‍സില്‍ തീരുമാനത്തിന് അംഗീകാരം നല്‍കേണ്ടത്. അതിനിടെയാണ് ജനറല്‍ കൗണ്‍സില്‍ തീരുമാനത്തെ ചോദ്യം ചെയ്ത് ജയന്തി കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചത്. ജയന്തിയെ പുറത്താക്കിക്കൊണ്ടുള്ള ജനറല്‍ കൗണ്‍സില്‍ തീരുമാനം ഹൈക്കോടതി സ്‌റ്റേ ചെയ്യുകയായിരുന്നു. ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയിലേക്കുള്ള ജയന്തിയുടെ നിയമനവും നേരത്തേ വിവാദമായിരുന്നു.
മതിയായ യോഗ്യതയില്ലാത്ത ഇവരെ അന്നത്തെ മന്ത്രി ആയിരുന്ന കെ.ബി ഗണേഷ്‌കുമാറാണ് ഡെപ്യൂട്ടി ഡയറക്ടറായി നിയമിച്ചത്. ചലച്ചിത്ര അക്കാദമി നല്‍കിയ ലിസ്റ്റ് മറികടന്നായിരുന്നു ഇവരുടെ നിയമനം. അക്കാദമിയില്‍ കഴിഞ്ഞ കുറേ നാളുകളായി തുടരുന്ന അഭിപ്രായ ഭിന്നതകളുടെയും അധികാര വടംവലിയുടെയും തുടര്‍ച്ചയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളും. അക്കാദമി നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ബീനാപോളും കഴിഞ്ഞ മാസം അക്കാദമി വിട്ടിരുന്നു.
No comments:
Post a Comment